പടിഞ്ഞാറ് ഹൈറോഡിനഭിമുഖമായി, വിശാലമായ അങ്കണത്തോടെ പുരാതന ഗോഥിക് ശൈലിയില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതാണ് ദൈവാലയ ത്തിന്റെ മുഖവാരം. 146 അടി (45 മീറ്റര്‍) വീതമുള്ള രണ്ട് വലിയ മണിഗോപുരങ്ങള്‍ മുഖവാരത്തെ അലങ്കരിക്കുന്നു. പുറകുവശത്തെ 260 അടി (79 മീറ്റര്‍) ഉയരമുള്ള പള്ളിമണിഗോപുരം (ബൈബിള്‍ ടവര്‍) പുത്തന്‍പള്ളി ബസിലിക്കയെ ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ ക്രൈസ്തവ ദൈവാലയമാക്കുന്നു. ദൈവാലയ പൂമുഖത്തിന് മുകളില്‍, ഇരട്ട ഗോപുരങ്ങള്‍ക്കു നടുവിലായി ഗോഥിക് ശൈലിയില്‍ ചെറിയ കമാനങ്ങള്‍ക്കൊണ്ടും സ്തൂപങ്ങള്‍ക്കൊണ്ടും വൃത്താകൃതി യിലുള്ള സ്ഫടിക ജനാലകള്‍കൊണ്ടും അലങ്കരിച്ച ദൈവാലയ മുന്‍ഭാഗത്ത്, ദൈവാലയ മധ്യസ്ഥയായ പരിശുദ്ധ വ്യാകുമാതാവിന്റെ രൂപവും, അതിനും മുകളില്‍ ദൈവാലയഗ്രത്തില്‍ പ്രഭചൊരിയുന്ന വലിയ കുരിശും ചേരുന്നതാണ് ആത്മീയപ്രഭയും ഗോഥിക് ദൈവാലയ നിര്‍മ്മാണ ശൈലിയുടെ സൗന്ദര്യവും സമഞ്ജസമായി സമ്മേളിക്കുന്ന തൃശ്ശൂര്‍ പുത്തന്‍പള്ളിയുടെ മുഖവാരം. വിശാലമായ പടികള്‍ ചവിട്ടികയറുമ്പോള്‍ ഇരട്ട ഗോപുരങ്ങള്‍ക്കു മധ്യത്തിലുള്ള കമാനാകൃതിയിലുള്ള അഞ്ച് പ്രവേശന കവാടങ്ങള്‍ ദൈവാലയത്തിന്റെ മോണ്ടകത്തേക്ക് വിശ്വാസികളേയും സന്ദര്‍ശകരേയും സ്വാഗതം ചെയ്യുന്നു.
ദൈവാലയത്തിനകത്തേക്ക് പ്രവേശിക്കുമ്പോളെത്തുന്നത് ഇരുവശങ്ങളിലുമായി മാര്‍ബിള്‍ ചിപ്‌സില്‍ പൊതിഞ്ഞ 32 വന്‍ കരിങ്കല്‍ത്തൂണുകള്‍ അതിരിടുന്ന 16,200 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഹൈക്കലയിലേക്ക് (സമൂഹവേദി - സമൂഹം നിൽക്കുന്ന ഇടം) ആണ്. കിഴക്കു പടിഞ്ഞാറായി 390 അടി നീളത്തില്‍ സ്ഥിതി ചെയ്യുന്ന ദൈവാലയത്തിന്റെ ഉള്‍വശത്തെ വീതി 60 അടിയാണ്. കുരിശാകൃതിയിലുള്ള ദൈവാലയത്തിന് ആകെ 25,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുണ്ട്. കുരിശാകൃതിയിലുള്ള ദൈവാലയ ഹാളിനുള്ളില്‍ എല്ലാ വശങ്ങളിലുമായി 11,700 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ബാല്‍ക്കണിയുണ്ട്. ദൈവാലയ ഹാളിനകത്ത് നാലു ഭാഗത്തും സ്ഥാപിച്ചിട്ടുള്ള തിരി-ഗോവണികളിലൂടെ ദൈവാലയത്തിന്റെ മുകള്‍ ഭാഗത്തുള്ള ബാല്‍ക്കണികളിലേക്ക് കയറിച്ചെല്ലാം. ദൈവാലയത്തിനുള്‍വശം മാര്‍ബിള്‍ ചിപ്‌സ് ഇഷ്ടികകള്‍ വിരിച്ച് മനോഹരമാക്കിയിരിക്കുന്നു.
പ്രധാന അള്‍ത്താരയ്ക്ക് ഏകദേശം 100 അടിയോളം ഉയരമുണ്ട്. പ്രധാന ബലിപീഠത്തിന്റെ മധ്യഭാഗത്ത് സ്വപുത്രന്റെ മൃതശരീരം മടിയില്‍ സംവഹിക്കുന്ന പരിശുദ്ധ വ്യാകുല മാതാവിന്റെ സ്വരൂപവും, അതിന്റെ ഇരുഭാഗങ്ങളിലുമായി വി. മിഖായേല്‍, വി. റപ്പായേല്‍ മാലാഖമാരുടെ രൂപങ്ങളും പ്രതിഷ്ഠിച്ചിരിക്കുന്നു. അതിനുതാഴെ, ക്രിസ്തുവിന്റെ പന്ത്രണ്ടു ശിഷ്യന്മാരുടെ സ്വരൂപങ്ങള്‍ കാണുവാന്‍ കഴിയും. വിശാലമായ മദ്ബഹക്ക് 900 ചതുരശ്ര അടി വലിപ്പമുണ്ട്. മദ്ബഹയുടെ മുന്‍ഭാഗത്ത് മനോഹരമായ കൊത്തുപണികളോടു കൂടിയ എപ്പിസ്‌കോപ്പല്‍ സിംഹാസനം കാണാം. 1986-ല്‍ വിശുദ്ധനായ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ തൃശ്ശൂര്‍ സന്ദര്‍ശിച്ച അവസരത്തില്‍ വേദിയില്‍ ഉപയോഗിച്ചത് ഇതേ എപ്പിസ്‌കോപ്പല്‍ സിംഹാസനമായിരുന്നു. മദ്ബഹയില്‍തന്നെ വചനവേദിയായി ഇന്ന് ഉപയോഗിക്കുന്നത് ഈ പേപ്പല്‍ സന്ദര്‍ശനവേളയിലുപയോഗിച്ച പ്രസംഗ പീഠമാണ്. ഈ പ്രധാന അള്‍ത്താരയുടെ പിന്‍ഭാഗത്താണ് 2400 ച. അടിയുള്ള നിത്യാരാധനാകേന്ദ്രം സ്ഥിതിചെയ്യുന്നത്.
ജോൺപോൾ രണ്ടാമൻ മാർപാപ്പ കേരളം സന്ദർശിച്ചപ്പോൾ ഉപയോഗിച്ച സിംഹാസനം ബസിലിക്ക ദൈവാലയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. 1986 ഫെബ്രുവരി 7-ന് അദ്ദേഹം കേരളത്തിലെത്തി. തൃശ്ശൂർ നഗരത്തിൽ പരിശുദ്ധ പിതാവിന് നൽകിയ ചരിത്രപരമായ സ്വീകരണം അവിസ്മരണീയമായ സംഭവമാണ്. ഈ അനുഗ്രഹീത അവസരത്തിൽ ബസിലിക്കയിൽ നിന്നുള്ള സിംഹാസനമാണ് മാർപ്പാപ്പയുടെ ഇരിപ്പിടമായി ഉപയോഗിച്ചത്. മാർപാപ്പയുടെ സന്ദർശനത്തോടുള്ള ആദരവും സ്മരണയും സൂചിപ്പിച്ചുകൊണ്ടു പ്രധാന അൾത്താരയുടെ വടക്കുപടിഞ്ഞാറൻ മൂലയിൽ ഒരു തിരുശേഷിപ്പായി ഇപ്പോൾ ആ സിംഹാസനം സൂക്ഷിച്ചിരിക്കുന്നു.
പള്ളിയുടെ പ്രധാന അൾത്താരയിൽ സ്ഥാപിച്ചിരിക്കുന്ന ബേമ (വചനപീഠം) വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഉപയോഗിച്ചതാണ്. 1986-ൽ അദ്ദേഹം കേരളം സന്ദർശിച്ചപ്പോൾ തൃശ്ശൂരിലെ ഇന്നത്തെ ശക്തൻ തമ്പുരാൻ നഗറായിരുന്നു അദ്ദേഹത്തിന്റെ പൊതു പരിപാടിക്ക് വേദിയായത്. അദ്ദേഹം ദൈവവചനം പ്രഘോഷിക്കുന്നതു കേൾക്കാൻ കത്തുന്ന വെയിലിൽ ലക്ഷക്കണക്കിന് ആളുകൾ അന്നേദിവസം വന്നിരുന്നു. ഈ അവസരത്തിൽ അദ്ദേഹം ഉപയോഗിച്ച ബേമ പിന്നീട് ബസിലിക്കയിലേക്ക് കൊണ്ടുവന്നു. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ഈ ബേമ പള്ളിയുടെ പ്രധാന അൾത്താരയിൽ ഒരു തിരുശേഷിപ്പായി സ്ഥാപിച്ചിരിക്കുന്നു.
ലോകത്തിന്റെ മുൻപിൽ തൃശൂർ നഗരത്തിന്റെ അഭിമാന സ്തംഭമാണ് 260 അടി ഉയരത്തിൽ തലയെടുപ്പോടെ നിൽക്കുന്ന ബൈബിൾ ടവർ. 2004 ജനുവരി ഏഴാം തീയതി പൗരസ്ത്യ തിരുസംഘത്തിന്റെ പ്രീഫെക്റ്റ് കർദിനാൾ ദാവൂദ് മൂസ പ്രഥമൻ തിരുമേനി ബൈബിൾ ടവറിന്റെ ആശീർവാദവും ഉദ്ഘാടനവും നിർവഹിച്ചു. 2006 ഡിസംബർ മൂന്നാം തീയതി ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ലോപ്പസ് ക്വിന്റാന ബൈബിൾ ടവർ ദൈവജനത്തിന് സമർപ്പിച്ചുകൊണ്ട് തൃശ്ശൂർ നഗരത്തിന്റെ ചരിത്രത്തിൽ പുതിയ അധ്യായത്തിന് തുടക്കം കുറിച്ചു. ബൈബിൾ ടവർ ഒട്ടനവധി സവിശേഷതകൾ കൊണ്ട് നിറഞ്ഞതാണ്. അതിൽ എടുത്തുപറയേണ്ടത് തൃശൂർ നഗരത്തിന്റെ കണ്ണെത്താ ദൂരത്തുള്ള ദൃശ്യങ്ങൾ ആസ്വദിക്കുന്നതിനുള്ള വ്യൂ പോയിന്റ ആണ്. ഇതിനായി ബൈബിൾ ടവറിൽ ഏകദേശം 5.5 മീറ്റർ നീളത്തിലും 1.5 മീറ്റർ വീതിയിലും ഉള്ള സ്ഥലം നാലുഭാഗത്തുമായി സന്ദർശകർക്ക് ഒരുക്കിയിട്ടുണ്ട്. വ്യൂ പോയിന്റിനു മുകളിൽ പഴയ നിയമവും താഴെ പുതിയ നിയമവും അവസാന ഭാഗത്ത് തോമാശ്ലീഹാ, കേരളസഭയുടെ ചരിത്രം എന്നിവയാണ് ചിത്രീകരിച്ചിരിക്കുന്നത്. യേശുവിന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ മരത്തിലും ഗ്ലാസിലും മെറ്റലിലും ഓയിൽ പെയിന്റിലും ചിത്രീകരിച്ചിരിക്കുന്നു. ശ്ലീഹന്മാരുടെ പ്രവർത്തനങ്ങൾ ടെറാക്കോട്ടയിലും തോമാശ്ലീഹായുടെ പ്രേഷിത പ്രവർത്തനം മ്യൂറലിലും ചിത്രീകരിച്ചിരിക്കുന്നു. ഇതുകൂടാതെ ദേശീയ പുരസ്കാരങ്ങൾ ലഭിച്ച കലാകാരന്മാരിൽ നിന്ന് യേശുവിൻറെ ജീവിത ചിത്രങ്ങൾ സ്വീകരിച്ച് പ്രദർശിപ്പിച്ചിട്ടുണ്ട്. ഇരുപതാമത്തെ നിലയിൽ ഇറ്റാലിയൻ, സ്പാനിഷ്, ക്രൊയേഷ്യൻ, ഗ്രീക്ക് തുടങ്ങി അനേകം ഭാഷകളിലുള്ള വളരെ പുരാതനമായ ബൈബിൾ ശേഖരം നമുക്ക് കാണാൻ സാധിക്കും. കലാരൂപങ്ങളിലൂടെ യേശുവിനെയും ബൈബിളിനെയും ലോകത്തിന് പരിചയപ്പെടുത്തിക്കൊണ്ട് ബൈബിൾ ടവർ തൃശ്ശൂർ നഗരത്തിലെ പ്രധാന ആദ്ധ്യാത്മിക ടൂറിസ്റ്റ് സ്പോട്ടായി മാറിക്കൊണ്ടിരിക്കുകയാണ്.
1987-ൽ പൗരസ്ത്യ തിരുസംഘത്തിന്റെ അന്നത്തെ തലവനായിരുന്ന കർദിനാൾ ലൂർദ്ദ് സ്വാമിയാണ്, തൃശ്ശൂർ അതിരൂപത പിന്നിട്ട നൂറ്റാണ്ടിന്റെ സ്മാരകമായി നിത്യാരാധന കേന്ദ്രം നഗരത്തിൽ ഉണ്ടാകണമെന്ന ആശയം മുന്നോട്ടുവച്ചത്. ഇതേ തുടർന്ന് മാർ ജോസഫ് കുണ്ടുകുളത്തിന്റെ കല്പന പ്രകാരം അതിരൂപതയുടെ നേരിട്ട് കീഴിലുള്ള തീർത്ഥ കേന്ദ്രമായി തൃശ്ശൂർ പുത്തൻപള്ളിയുടെ തെക്കേ ഭാഗത്ത് താത്കാലിക സംവിധാനത്തോടെ 1987 ഓഗസ്റ്റ് 23-ന് നിത്യാരാധന കേന്ദ്രം സ്ഥാപിതമായി. പിന്നീട് പുത്തൻപള്ളിയുടെ പുറകിലുള്ള ബൃഹത്തായ സങ്കീർത്തിയുടെ ഭാഗത്ത് മാറ്റം വരുത്തി സ്ഥിരം സംവിധാനത്തിലേക്ക് നീങ്ങുകയായിരുന്നു. 1989 ഏപ്രിൽ 23-ന് മാർ ജോസഫ് കുണ്ടുകുളം ആരാധനാലയത്തിന്റെ ആശീർവാദ കർമ്മം നിർവഹിച്ചു. നിയമാവലിയിൽ നിത്യാരാധന കേന്ദ്രത്തിന്റെ ലക്ഷ്യത്തെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്: “തൃശൂർ അതിരൂപതയുടെ നേരിട്ട് ഭരണത്തിൻ കീഴിൽ ബസിലിക്ക ദേവാലയത്തിൽ സ്ഥാപിതമായിട്ടുള്ള ആരാധനാ കേന്ദ്രമാണ് ‘നിത്യാരാധന കേന്ദ്രം’ അഥവാ ‘ആരാധനാലയം’. അദ്ധ്വാനിക്കുന്നവരുടെയും ഭാരം വഹിക്കുന്നവരുടെയും അത്താണിയായ ദിവ്യകാരുണ്യ നാഥനിൽ ആശ്വാസവും സമാധാനവും പ്രത്യാശയും കണ്ടെത്താൻ ജനങ്ങളെ സഹായിക്കുകയാണ് ഈ കേന്ദ്രത്തിന്റെ ലക്ഷ്യം. അതോടൊപ്പം മരിയ ഭക്തിയും അനുരഞ്ജന ശുശ്രൂഷയും പ്രോത്സാഹിപ്പിക്കാൻ ഈ കേന്ദ്രം മുൻകൈയെടുക്കുന്നു.” ഈ ലക്ഷ്യത്തെ അർത്ഥവത്താക്കുന്ന രീതിയിൽ നിശബ്ദമായ അന്തരീക്ഷത്തിൽ ദിവ്യകാരുണ്യ നാഥനെ ആരാധിക്കാനും ധ്യാനിക്കാനും ആയിരങ്ങളാണ് ഓരോ ദിവസവും ഇവിടെ എത്തിച്ചേരുന്നത്.
കുരിശാകൃതിയിലുള്ള ദൈവാലയഘടനയില്‍ നാലു വശത്തുനിന്നുമുള്ള ഹാളുകള്‍ സംഗമിക്കുന്നിടത്ത് പ്രധാന ബലിപീഠത്തിന് മുകള്‍ വശത്തെ മനോഹരമാക്കുന്ന വലിയ ഒരു താഴികക്കുടമുണ്ട്. നാലു വശങ്ങളില്‍ നിന്നുമുള്ള തൂണുകളില്‍ നിന്ന് ഉയര്‍ന്നു പൊങ്ങുന്ന അഷ്ടഭുജാകൃതിയിലുള്ള കൂറ്റന്‍ താഴികക്കുടത്തിന്റെ ഉള്‍വശം അലങ്കാര ഘടനകള്‍ക്കൊണ്ടും, സ്ഫടിക ജാലകങ്ങള്‍ക്കൊണ്ടും ആകര്‍ഷകമാണ്. പ്രധാന ബലിപീഠത്തിന് മുകളിലുള്ള താഴികക്കുടത്തെ നാല് വശങ്ങളിലുമുള്ള തൂണുകളിലേക്ക് ബന്ധിപ്പിക്കുന്ന ത്രികോണാകൃതിയിലുള്ള കമാനങ്ങളില്‍ നാലു സുവിശേഷകരേയും അവരുടെ പ്രതീകങ്ങളോടുകൂടെ ചിത്രീകരിച്ചിരിക്കുന്നു. താഴികക്കുടത്തിന്റെ ഉള്‍വശത്തെ എട്ട് പ്രതലങ്ങള്‍ പരി. വ്യാകുലമാതാവിന്റെ അതിപുരാതന ചിത്രംകൊണ്ടും, ഏഴു വ്യാകുലങ്ങളുടെ ചിത്രീകരണംകൊണ്ടും മനോഹരമായി അലങ്കരിച്ചിരിക്കുന്നു.
ചുമര്‍ ചിത്രങ്ങളാലും ശില്പങ്ങളാലും അലംകൃതമായ ദൈവാലയത്തിനുള്ളിലേക്ക് പ്രധാന വാതിലിലൂടെ പ്രവേശിക്കുമ്പോള്‍ തന്നെ ബല്‍ക്കണിയുടെ അടിവശത്ത് പരിശുദ്ധ ത്രിത്വത്തിന്റെ രൂപം മനോഹരമായി ചിത്രീകരിച്ചിരിക്കുന്നതു കാണാം. അൾത്താരയുടെ മുൻവശത്തുള്ള പ്രധാന വിങ്ങിന്റെ ഇരുവശത്തുമുള്ള വാതിലുകളുടേയും ജാലകങ്ങളുടേയും മുകളിലായി 12 അടി ഉയരവും 6 അടി വീതിയുമുള്ള കുരിശിന്റെ വഴിയിലെ പതിനാല് സ്ഥലങ്ങളുടെ റിലീഫ് ചിത്രീകരണങ്ങളുണ്ട്. പ്രധാന അള്‍ത്താരയുടെ ഇരുപാര്‍ശ്വങ്ങളിലുമായി അഞ്ചപ്പവും രണ്ടുമീനും വർദ്ധിപ്പിച്ച അത്ഭുതത്തിന്റേയും, മാതാവിന്റെ സ്വര്‍ഗ്ഗാരോപണത്തിന്റേയും 60 അടി ഉയരമുള്ള നയനാന്ദകരമായ ചിത്രീകരണങ്ങൾ ദൃശ്യമാണ്. പ്രധാന അള്‍ത്താരയ്ക്കു മുകളിലുള്ള അഷ്ടഭുജാകൃതിയിലുള്ള താഴികക്കുടത്തിന്റെ ഉള്‍ഭാഗത്തു ശിമയോന്റെ പ്രവചനവും, ഈജിപ്തിലേക്കുള്ള യാത്രയും, ദൈവാലയത്തില്‍ വച്ച് ഈശോയെ കാണാതായ സംഭവവും, കാല്‍വരിയിലേക്കുള്ള മാർഗമദ്ധ്യേ മാതാവ് ഈശോയെ കണ്ട രംഗവും, ഈശോയുടെ കുരിശുമരണവും, ഈശോയുടെ മൃതശരീരം മാതാവ് സ്വകരങ്ങളില്‍ സ്വീകരിക്കുന്ന രംഗവും, ഈശോയുടെ സംസ്‌കാരവുമടങ്ങുന്ന സപ്തവ്യാകുലങ്ങള്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. കൂടാതെ, വ്യാകുലാംബികയുടെ ഒരു മനോഹരചിത്രവും അക്കൂട്ടത്തിലുണ്ട്. താഴികക്കുടത്തിന്റെ നാലു മൂലകളിലായി സുവിശേഷകന്മാരായ വി. മത്തായി, വി. മര്‍ക്കോസ്, വി. ലൂക്ക, വി. യോഹന്നാന്‍ എന്നിവരുടെ ചിത്രങ്ങളുമുണ്ട്. രണ്ട് വശങ്ങളിലുമുള്ള പത്ത് അള്‍ത്താരകളുടേയും മുകളിലുള്ള മേല്‍ത്തട്ടില്‍ ആ വിശുദ്ധരുടെ ജീവിതവുമായി ബന്ധപ്പെിട്ട പ്രധാന സംഭവങ്ങളും അടയാളങ്ങളും ചിത്രീകരിച്ചിരിക്കുന്നു.
ദൈവാലയത്തിലെ പ്രധാന വിങ്ങിന്റെ തെക്കുഭാഗത്തു സ്ഥാപിച്ചിരിക്കുന്ന ബസിലിക്കയിലെ പിയത്ത പ്രതിമ, പരിശുദ്ധ കന്യകാമറിയത്തിന്റെ ആറാമത്തെ വ്യാകുലത്തെ പ്രതിനിധീകരിക്കുന്ന മൈക്കലാഞ്ചലോയുടെ കരാര മാർബിൾ ശില്പത്തിന്റെ പകർപ്പാണ്. ഇതിന്റെ യഥാർത്ഥ ശില്പം ഇറ്റാലിയൻ നവോത്ഥാന കലാകാരനായ മൈക്കലാഞ്ചലോയുടെ പ്രധാന സൃഷ്ടിയാണ്. അത് ഇപ്പോൾ വത്തിക്കാൻ സിറ്റിയിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ സ്ഥാപിച്ചിരിക്കുന്നു. യേശുവിനെ കുരിശിൽ നിന്ന് ഇറക്കി ഗൊൽഗോഥാ മലയിൽ വെച്ച് മറിയത്തിന് നൽകിയ നിമിഷമാണ് ശില്പം പകർത്തുന്നത്. “പിയത്ത” എന്ന ഇറ്റാലിയൻ വാക്കിന്റെ അർത്ഥം "കനിവ്" അല്ലെങ്കിൽ "അനുകമ്പ" എന്നാണ്.
ബസിലിക്കയുടെ തെക്കേ വിങ്ങിലുള്ള, ഒറ്റത്തടിയിൽ കൊത്തിയ ഉണ്ണീശോയുടെ തിരുസ്വരൂപം 1999 മെയ് 1-ാം തീയതി തൃശ്ശൂർ മെത്രാപ്പോലീത്ത മാർ ജേക്കബ് തൂങ്കുഴി പിതാവാണ് ആശീർവദിച്ചത്. യേശുനാഥൻ മനുഷ്യവർഗ്ഗത്തിനു നൽകിയ മൂന്നു സമ്മാനങ്ങൾ തിരുസ്വരൂപത്തിലെ മാലകളിൽ പ്രതീകാത്മകമായി ചിത്രീകരിച്ചിരിക്കുന്നു: തിരുവോസ്തി, പ്രാവിന്റെ രൂപത്തിലുള്ള പരിശുദ്ധാത്മാവ്, പരിശുദ്ധ മാതാവിന്റെ ഏഴു വ്യാകുലങ്ങളോടു കൂടിയ ഹൃദയം. ഉണ്ണീശോയുടെ കാൽച്ചുവട്ടിലെ ഭൂഗോളം അവിടുന്നു ലോകത്തിന്റെ നാഥനാണെന്നും, കിരീടവും മേലങ്കിയും വി. ഗ്രന്ഥവും അവിടുന്നു രാജാവും പുരോഹിതനും പ്രവാചകനുമാണെന്നും, ആശീർവദിക്കുന്ന വലതുകരം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിത്വൈകദൈവം (മൂന്നു വിരൽ സൂചിപ്പിക്കുന്നു) പുത്രനായ യേശുവഴി നമ്മെ ആശിർവദിക്കുന്നതായും സൂചിപ്പിക്കുന്നു.
പരിശുദ്ധ മറിയം വിശുദ്ധ സൈമൺ സ്റ്റോക്കിനു പ്രത്യക്ഷപ്പെട്ടതിന്റെ ഒരു രൂപമാതൃക ബസിലിക്കയുടെ തെക്ക് ഭാഗത്ത്, ഉണ്ണീശോയുടെ തിരുസ്വരൂപത്തിനു സമീപത്തായി സ്ഥിതിചെയ്യുന്നു. പാരമ്പര്യമനുസരിച്ച്, പതിമൂന്നാം നൂറ്റാണ്ടിന്റെ മധ്യത്തിൽ, പരിശുദ്ധ കന്യക കേംബ്രിഡ്ജിൽ വെച്ച് കാർമലൈറ്റ് ക്രമത്തിന്റെ അന്നത്തെ ജനറൽ ആയിരുന്ന സൈമൺ സ്റ്റോക്കിന് പ്രത്യക്ഷപ്പെട്ടു. പരിശുദ്ധ മറിയം ഉത്തരീയം കൈയിൽ പിടിച്ചാണ് അന്നു പ്രത്യക്ഷപ്പെട്ടത്. ഉത്തരീയം ധരിക്കുന്നവർക്ക് അവളുടെ സംരക്ഷണം ഉണ്ടാകുമെന്ന് അവൾ സൈമൺ സ്റ്റോക്കിനോടു വാഗ്ദാനം ചെയ്തു. ഉത്തരീയം ധരിക്കുന്നത് മറിയത്തിനോടുള്ള സമർപ്പണത്തെ സൂചിപ്പിക്കുന്ന ഒരു ഭക്തകൃത്യമാണ്.
വിശുദ്ധരുടെ ശരീരഭാഗങ്ങളും, അവരുടെ ശരീരവുമായുള്ള സമ്പർക്കത്തിലൂടെ വിശുദ്ധീകരിക്കപ്പെട്ട വസ്തുക്കളാണ് തിരുശേഷിപ്പുകൾ. ബസിലിക്കയ്ക്കുള്ളിൽ നിരവധി വിശുദ്ധാത്മാക്കളുടെ തിരുശേഷിപ്പുകൾ സൂക്ഷിച്ചിട്ടുണ്ട്. എഴുപതോളം വിശുദ്ധരുടെ തിരുശേഷിപ്പുകൾ അടങ്ങിയ രണ്ട് വലിയ ശേഖരങ്ങൾ ബസിലിക്കയുടെ പടിഞ്ഞാറ് ഭാഗത്തെ ഭിത്തികളിൽ രണ്ടു വിങ്ങുകളിലായി സ്ഥിതിചെയ്യുന്നു. പൂട്ടിയ ഗ്ലാസുകളാൽ അവ സംരക്ഷിച്ചിരിക്കുന്നു. ഈ രണ്ട് ശേഖരങ്ങൾക്ക് പുറമേ, കപ്പേളകളിലും ഉപഅൾത്താരകളിലും വ്യത്യസ്ത വിശുദ്ധരുടെ തിരുശേഷിപ്പുകൾ വണക്കത്തിനായി സൂക്ഷിച്ചിരിക്കുന്നു.
ബസിലിക്ക ദൈവാലയത്തിൽ 4 കപ്പേളകളും, 10 ഉപ അൾത്താരകളുമുണ്ട്. ദൈവാലയത്തിലെ പ്രധാന വിങ്ങിൽ അൾത്താരയുടെ വടക്കുഭാഗത്ത് കാൽവരി കപ്പേളയും, അതിനു നേരെ എതിർവശത്തു “പിയാത്ത” കപ്പേളയും, മോണ്ടകത്തു വടക്കുഭാഗത്ത് വി. വിൻസെന്റ് ഡി പോൾ കപ്പേളയും, തെക്കുഭാഗത്ത് വി. ഫ്രാൻസിസ് അസീസി കപ്പേളയും സ്ഥിതിചെയ്യുന്നു. പ്രധാനൾത്താരയുടെ ഇരുവശങ്ങളിലുമുള്ള വിങ്ങുകളിൽ കിഴക്കു ഭാഗത്തായാണ് 10 ഉപ അൾത്താരകൾ ഉള്ളത് (ഓരോ വിങ്ങിലും 5 വീതം). വടക്കേ വിങ്ങിൽ വി. ഫ്രാൻസിസ് സേവ്യറിന്റെ അൾത്താര, വി. കൊച്ചുത്രേസ്യയുടെ അൾത്താര, വി. തോമാശ്ലീഹായുടെ അൾത്താര, ക്രിസ്തുരാജന്റെ അൾത്താര, തിരുക്കുടുംബത്തിന്റെ അൾത്താര എന്നിവയും, തെക്കേ വിങ്ങിൽ വി. ഗീവർഗ്ഗീസിന്റെ അൾത്താര, വി. യൗസേപ്പിതാവിന്റെ അൾത്താര, വി. അന്തോണീസിന്റെ അൾത്താര, വി. സെബസ്ത്യാനോസിന്റെ അൾത്താര, വി. മരിയ ഗൊരേത്തിയുടെ അൾത്താര എന്നിവയും കാണാം.
മാർ ഫ്രാൻസിസ് വാഴപ്പിള്ളി പിതാവ് പടുത്തുയർത്തിയ പരിശുദ്ധ വ്യാകുല മാതാവിൻ ബസിലിക്കയുടെ പ്രധാന ബലിപീഠത്തിന്റെ കീഴിലാണ് അദ്ദേഹത്തിന്റെ കബറിടം സ്ഥിതി ചെയ്യുന്നത്. തൃശ്ശൂർ എപ്പാർക്കിയുടെ പ്രഥമ മെത്രാനായിരുന്ന ഇദ്ദേഹം 1942 മെയ് 12-നു നടന്ന കാറാപകടത്തിലാണ് ഈ ലോകത്തോട് വിട പറഞ്ഞത്. ബസിലിക്കയുടെ നിത്യാരാധന കേന്ദ്രത്തിന്റെ അകത്തു നിന്ന് ഇടതുവശം ചേർന്ന് താഴെ അറയിലേക്ക് ഇറങ്ങുന്ന രീതിയിലാണ് കബറിടത്തിലേക്കുള്ള വഴി ഒരുക്കിയിരിക്കുന്നത്. അവിടെ ദൈവവചനങ്ങൾക്കും, കർത്താവിന്റെ ഉയിർപ്പും സ്വർഗ്ഗാരോഹണവുമായി ബന്ധപ്പെട്ട ടെറാകോട്ടയിൽ നിർമ്മിച്ച പുരാതന ചിത്രങ്ങൾക്കും നടുവിൽ അദ്ദേഹത്തിന്റെ ഭൗതികശരീരം അന്ത്യവിശ്രമം കൊള്ളുന്നു. ഇവിടേയ്ക്കുള്ള പൊതുജന പ്രവേശനം ഇപ്പോൾ സാധ്യമല്ല. (1999-ൽ അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടത്തിന്റെ ഒരു ഭാഗം ലൂർദ് മെട്രോപൊളിറ്റൻ കത്തീഡ്രലിൽ കൊണ്ടുവന്ന് അതിന്റെ ക്രിപ്റ്റിൽ സംസ്‌കരിച്ചു.)
ബസിലിക്ക ദേവാലയത്തിന്റെ ഒരു ശ്രദ്ധേയമായ സവിശേഷതയാണ് മുകൾത്തട്ടിലേക്ക് എത്തുന്ന കൂറ്റൻ കൽത്തൂണുകളുടെ നിരകൾ. ഓരോ തൂണും പരസ്പരം അഭിമുഖീകരിക്കുന്ന രണ്ട് B (ഇംഗ്ലീഷ് അക്ഷരമാലയിലെ രണ്ടാമത്തെ അക്ഷരം) ആകൃതിയിലുള്ള കൽനിരകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. അത് മുകളിലേക്ക് വരുകയും വളയുകയും ചെയ്യുന്ന നേർത്ത തൂണുകളുടെ ഒരു കൂട്ടം പോലെ തോന്നിപ്പിക്കുന്നു. ഈ കൽത്തൂണുകൾ ഏകദേശം 70 അടി ഉയരവും അവയുടെ ഗാംഭീര്യം കൂട്ടുന്ന മൊസൈക് ഫിനിഷും ഉള്ളവയാണ്.
ബസിലിക്ക ദൈവാലയത്തിന് അതിന്റെ നീളത്തിൽ രണ്ട് തലത്തിലുള്ള ആർക്കേഡുകളോടു കൂടിയ തുറസ്സുകളുണ്ട്. ഒന്ന് പ്രധാന ആർക്കേഡിന്റെ ഉയർന്ന കമാനങ്ങളും, രണ്ട് മുകളിലെ നിലയിലുള്ള ഗ്യാലറി പോലുള്ള തുറസ്സുകളും. പ്രധാന ആർക്കേഡിന്റെ കമാനങ്ങൾ അവയ്ക്ക് മുകളിൽ ഒരു ട്രിബ്യൂട്ട് ഗ്യാലറി (ബാൽക്കണി) വഹിക്കുന്നു. അവിടെ നിന്നുള്ള കാഴ്ച താഴെയുള്ള ദൈവാലയത്തിലെ മധ്യഭാഗത്തേക്കാണ്. മുകളിലെ നിലയിലുള്ള ഗ്യാലറി ദൈവാലയത്തിനു ഉൾവശം മുഴുവനിലും (ഇരുവശങ്ങളിലടക്കം) ഉണ്ട്. അത് ചെറിയ വോൾട്ട് സീലിങ്ങിനെ താങ്ങുന്നു. കൂർത്ത കമാനങ്ങളും, ട്രേസറികളും, സ്വർണാലങ്കാരങ്ങളുമുള്ള വലിയ ജാലകങ്ങൾ ഗ്യാലറിയുടെ ബാഹ്യച്ചുവരുകൾ അലങ്കരിക്കുന്നു. അതോടൊപ്പം അവ ദൈവാലയത്തിനകത്തേക്ക് കൂടുതൽ വെളിച്ചം വരുന്നതിന് കാരണമാവുകയും ചെയ്യുന്നു.
ബസിലിക്കയിലെ മണിമാളികയിലെ എട്ട് സംഗീത മണികൾ ഒരു പ്രത്യേക ആകർഷണമാണ്. ജർമ്മനിയിൽ നിന്നു കൊണ്ടുവന്നവയാണ് ഈ മണികൾ. ഇവ ഉപയോഗിച്ച് സംഗീതത്തിലെ സപ്തസ്വരങ്ങൾ പുറപ്പെടുവിക്കാൻ കഴിയും. രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും ത്രികാല ജപത്തിനായി മനോഹരമായ സംഗീതം ഈ മണികൾ ഉപയോഗിച്ച് വായിക്കാറുണ്ട്.
വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ “സൂര്യകീർത്തനം” എന്ന രചനയെ അടിസ്ഥാനമാക്കി “ശാന്തിധാര” എന്ന സർവമത പ്രാർത്ഥനാ വേദി ബൈബിൾ ടവർ സ്ക്വയറിൽ മാർ ബോസ്കോ പുത്തൂർ 2015 ഓഗസ്റ്റ് 30-ന് ഉദ്ഘാടനം ചെയ്തു. മതത്തിൻറെ അതിർവരമ്പുകൾ ഇല്ലാതെ ധാരാളം ആളുകൾ “ശാന്തിധാര” സന്ദർശിച്ച് ശാന്തതയുടെ അന്തരീക്ഷത്തിൽ മനസ്സിന് വിശ്രമം നൽകുന്നു. “ശാന്തിധാര”യ്ക്കു മുന്നിലായി വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ 1986-ൽ തൃശ്ശൂർ സന്ദർശിച്ചപ്പോൾ ജനങ്ങളെ അഭിസംബോധന ചെയ്യാൻ ഉപയോഗിച്ച വേദിയുടെ (പേപ്പൽ റോസ്റ്റ്രം) ഒരു മാതൃക നിർമ്മിച്ചിട്ടുണ്ട്.
തൃശ്ശൂരിലെ പ്രമുഖ മരിയൻ തീർത്ഥകേന്ദ്രമെന്ന നിലയിൽ, പരിശുദ്ധ വ്യാകുല മാതാവിൻ ബസിലിക്കയിൽ വരുന്ന അനേകായിരം തീർത്ഥാടകർക്കു കുമ്പസാരിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു. കുമ്പസാരത്തിനണയുന്ന വിശ്വാസിളുടെ ബാഹുല്യം മൂലം, ദൈവാലയത്തിനു പുറത്ത് തെക്കു ഭാഗത്തു Basilica Silver Jubilee Centre for Confession എന്ന പേരിലുള്ള ഹാളിലാണ് കുമ്പസാരക്കൂടുകൾ ഒരുക്കിയിരിക്കുന്നത്. ഞായറാഴ്‌ചകളിലൊഴികെ മറ്റെല്ലാ ദിവസങ്ങളിലും രാവിലെ 10:00 മുതൽ 12:30 വരെയും ഉച്ചകഴിഞ്ഞ് 2:30 മുതൽ 5:00 മണിവരെയും ഇവിടെ കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും.
പരിശുദ്ധ വ്യാകുല മാതാവിന്റെ ഗ്രോട്ടോ ബസിലിക്കയ്ക്ക് ദൈവാലയത്തിനു പുറത്ത് കോമ്പൗണ്ടിന്റെ വടക്കു-പടിഞ്ഞാറേ ഭാഗത്ത് (പ്രധാന ഗേറ്റിന് സമീപം) സ്ഥിതി ചെയ്യുന്നു. ഏഴു വാളുകൾ (ഏഴു വ്യാകുലങ്ങൾ) ഹൃദയത്തിൽ തുളച്ചു കയറുന്ന പരിശുദ്ധ മാതാവിനെ ഈ ഗ്രോട്ടോയിൽ ചിത്രീകരിച്ചിരിക്കുന്നു. കന്യാമറിയം കണ്ണീരോടെ, ഹൃദയത്തിൽ ചോരയൊലിപ്പിച്ച് വിലാപാവസ്ഥയിലാണ്. ഗ്രോട്ടോയ്ക്ക് സമീപം മെഴുകുതിരികൾ കത്തിക്കാൻ കഴിയുന്ന വലിയ മെഴുകുതിരി സ്റ്റാന്റുകൾ സൂക്ഷിച്ചിരിക്കുന്നു (മെഴുകുതിരി കത്തിക്കാൻ അനുവാദമുള്ള ബസിലിക്കയിലെ ഒരേയൊരു സ്ഥലം ഇതാണ്).
നിത്യാരാധന കേന്ദ്രത്തിന്റെ 10-ാം വാർഷികാഘോഷത്തിന്റെ മുന്നോടിയായി ബസിലിക്ക തീർത്ഥകേന്ദ്രത്തിന്റെ വികസനത്തിന് ആവശ്യമായ പദ്ധതി 1997 ജൂൺ 23ന് ആർച്ച് ബിഷപ്പ്സ് ഹൗസിൽ വച്ചു നടന്ന യോഗത്തിൽ അവതരിപ്പിക്കുകയുണ്ടായി. അതിൻപ്രകാരം ഭക്തസാധനങ്ങൾ, പുസ്തകങ്ങൾ മുതലായവ ബസിലിക്കയോടനുബന്ധിച്ച് ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് നിശ്ചയിച്ചു. ആവശ്യമായ ക്രമീകരണങ്ങൾ നടത്തി വൈദിക മന്ദിരത്തിന്റെ താഴെയുള്ള മുറിയിൽ ബസിലിക്ക ബുക്ക് സെന്റർ 1997 ഓഗസ്റ്റ് 14-ന് ആരംഭിച്ചു. ബസിലിക്കയിലെ അസി. വികാരി മാനേജരായുള്ള ഒരു കമ്മിറ്റി ഇതിന്റെ ഭരണകാര്യങ്ങൾ നിർവഹിക്കുന്നു.